
ചണ്ഡീഗഢ്: സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ ആറുവയസ്സുകാരിക്കു നേരെ എട്ടുവയസ്സുകാരന്റെ ക്രൂരമായ ആക്രമണം. ഹരിയാനയിലെ പഞ്ച്കുളയിലാണ് സംഭവം. സംസ്കൃതി മോഡൽ സ്കൂളിൽ നടന്ന സംഭവത്തിൽ കിന്റർഗാർട്ടൺ വിദ്യാർഥിനിക്കാണ് ഗുരുതരമായി പരുക്കേറ്റത്. കുട്ടിയെ ചണ്ഡീഗഢിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആക്രമണത്തിന്റെ ക്രൂരത വ്യക്തമായത്. ക്ലാസ് മുറിയിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുവന്ന വിദ്യാർഥി ആദ്യം കുട്ടിയുടെ തല ഡസ്കിൽ രണ്ടുതവണ ഇടിപ്പിച്ചു. പിന്നാലെ തറയിലേക്ക് തള്ളിയിട്ട ശേഷം ചവിട്ടുകയും കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിൽ രക്തത്തിൽ കുളിച്ച് ബോധരഹിതയായിട്ടും കുട്ടിയെ വെറുതെ വിടാൻ വിദ്യാർഥി തയ്യാറായില്ല. നിലത്തുകിടന്ന പെൺകുട്ടിയെ വീണ്ടും വലിച്ചിഴയ്ക്കുകയും ചവിട്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഏകദേശം ഒന്നര മിനിറ്റോളം ക്ലാസ് മുറിയിൽ തുടർന്ന ശേഷമാണ് വിദ്യാർഥി പുറത്തേക്ക് പോയത്.
പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ സ്കൂളിലെത്തിയ മാതാപിതാക്കളെ കുട്ടിയുടെ അടുത്തേക്ക് എത്തിച്ചതും ആക്രമണം നടത്തിയ വിദ്യാർഥി തന്നെയായിരുന്നു. 'നിങ്ങളുടെ മകൾ ഇവിടെ വീണുകിടക്കുന്നു' എന്നായിരുന്നു മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്കിന്റെ ഗൗരവം കണക്കിലെടുത്ത് ചണ്ഡീഗഢിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അധ്യാപകരോട് വിദ്യാർഥിക്കെതിരെ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പെൺകുട്ടിയുടെ അമ്മാവൻ ആരോപിക്കുന്നത്. നേരത്തെയും ആൺകുട്ടി അക്രമാസക്തമായ പെരുമാറ്റം നടത്തിയിട്ടുണ്ടെന്നും നായ്ക്കളെ ഉപദ്രവിക്കുന്നതടക്കം നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്രയും ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്തുന്നതിനായി എട്ടുവയസ്സുകാരന്റെ കുടുംബപശ്ചാത്തലവും പെരുമാറ്റരീതികളും പരിശോധിച്ചുവരികയാണ്.










